കൊച്ചി: മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കര്‍ഷകരുടെ തൊഴില്‍ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജീവനം 2.0 കാമ്പയിന് തുടങ്ങുന്നു.
കന്നുകാലികളുടെ ആരോഗ്യം ഉറപ്പുവരുത്തുക, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണു കാമ്പയിന്റെ ലക്ഷ്യം. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ തൊഴില്‍മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും വരുമാന വര്‍ധന ഉറപ്പുവരുത്താനും കഴിയും.
ഗ്രാമീണതലത്തിലും ബ്ലോക്ക്തലത്തിലും തെരഞ്ഞെടുത്ത രണ്ട് ക്ലസ്റ്ററുകളിലും നഗരമേഖലയില്‍ കോര്‍പറേഷനിലും മുനിസിപ്പാലിറ്റിയിലുമാണ് നടപ്പാക്കുക. ജൂലൈ 30നകം എല്ലാ ജില്ലകളിലും കാമ്പയിന് സംഘടിപ്പിക്കും.
ജീവനം 2.0 കാമ്പയിന്റെ ഭാഗമായി വിപുലമായ കര്‍മപരിപാടികളാണ് നടപ്പാക്കുക. കന്നുകാലികള്‍ക്ക് സൗജന്യചികിത്സ, ആരോഗ്യപരിശോധന, രോഗനിര്‍ണയം എന്നിവയുള്‍പ്പെടുന്ന മെഡിക്കല്‍ ക്യാമ്പുകളാണ് ഇതില്‍ പ്രധാനം. കുളമ്പുരോഗം, ബ്രൂസല്ലോസിസ്, പിപിആര്‍, എന്‍ഡോടോക്സീമിയ ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിനും കാമ്പയിന് വഴി ലഭ്യമാക്കും.
സിഡിഎസ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷക കൂട്ടായ്മയായ ലൈവ്സ്റ്റോക്ക് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇതു നടപ്പാക്കുക. 250 കര്‍ഷകരും 100 ലൈവ്സ്റ്റോക്ക് യൂണിറ്റുകളും ഉള്‍പ്പെട്ടതാണ് ഓരോ ക്ലസ്റ്ററും. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 304 ലൈവ്സ്റ്റോക്ക് ക്ലസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് കാമ്പയിന് പ്രയോജനപ്പെടും.